മാംപൂ വാർത്ത

മാംപൂ വാർത്ത

കമ്പ്യൂട്ടിങ് രംഗത്തും നവമാധ്യമങ്ങളിലും മലയാളത്തിന്റെ ഇടപെടൽ ശക്തമാക്കാനും സൈബർലോകത്തെ ഏറ്റവും സജീവഭാഷയായി മലയാളത്തെ വളർത്തിക്കൊണ്ടു വരാനുമായി മാംപൂ എന്ന പേരിൽ സംഘടനയ്ക്കു രൂപം കൊടുത്തു. സാംസ്കാരിക പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാഷാസ്നേഹികളുടെയും തിരുവനന്തപുരത്തു ചേർന്ന യോഗം ഡിജിറ്റൽ യുഗത്തിനനുഗുണമായി ഭാഷയെ ഉയർത്തുവാനാവശ്യമായ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്തു. ആദ്യപടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് അറിവുപകരുന്ന ബോധവല്ക്കരണക്ലാസുകൾ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പ്രൊഫ. ഒ.എൻ.വി.കുറുപ്പ്, ഡോ.ബി.ഇക്ബാൽ എന്നിവരുടെ രക്ഷാധികാരികാരികത്വത്തിലാവും മാംപൂ പ്രവർത്തിക്കുക. കെ.സച്ചിദാനന്ദൻ, ഡോ.ടി.എൻ.സീമ, ഡോ.അച്യത്ശങ്കർ എസ്.നായർ, പി.വി.ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, ചെറിയാൻ ഫിലിപ്പ്, വി.ടി.ബൽറാം, റൂബിൻ ഡിക്രൂസ്, കെ.വി.അനിൽകുമാർ, വി.കെ.ആദർശ് എന്നിവരുൾപ്പെടുന്നതാണ് ഉപദേശകസമിതി. ഡോ.എസ്.രാജശേഖരൻ അദ്ധ്യക്ഷനായും ജയശ്രീകുമാർ ജനറൽ സെക്രട്ടറിയായും അനിരുദ്ധൻ നിലമേൽ ഖജാൻജിയായും നിർവ്വാഹകസമിതിയെയും യോഗം തിരഞ്ഞെടുത്തു.

2013, ജൂൺ 11, ചൊവ്വാഴ്ച

മാംപൂ : ഉദ്ദേശലക്ഷ്യങ്ങൾ

മാംപൂ:
പുതുമാധ്യമരംഗത്ത് മലയാളത്തിന്റെ പുകഴിനായുള്ള കൂട്ടായ്മ

ഉദ്ദേശലക്ഷ്യങ്ങൾ: 
1. മലയാളം കമ്പ്യൂട്ടിങ് പ്രവർത്തനങ്ങളും അതിലുണ്ടാകുന്ന നിരന്തരപരിണാമങ്ങളും സ്വയം പഠിക്കുകയും മറ്റുള്ളവർക്കു പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുക.
2. ഓൺലൈൻ തലത്തിൽ മലയാളഭാഷയുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുകയും മുൻനിരയിലെത്തിക്കുകയും ചെയ്യുക. 
3. മലയാളത്തെ ഇന്റർനെറ്റിലെ ഏറ്റവും സജീവഭാഷയാക്കുന്നതിനു വേണ്ട ഡാറ്റാബേസ് സമ്പത്ത് വർദ്ധിപ്പിക്കുക. മലയാളം വിക്കിപ്പീഡിയയെ കുറ്റമറ്റതാക്കുകയും കഴിയുന്നത്ര പരിപൂർണമാക്കുകയും ചെയ്യുന്ന പ്രവർത്തനത്തിലേർപ്പെടുക.
4. മലയാളത്തിന് ഏറ്റവും സമഗ്രവും ഉപയോഗയോഗ്യവുമായ ഒരു ഓൺലൈൻ /ഓഫ് ലൈൻ നിഘണ്ടു നിർമ്മിക്കുക.
5. സോഷ്യൽ നെറ്റ് വർക്കിൽ മലയാളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുക.
6. തനതും പ്രാദേശികവുമായ മലയാളവാക്കുകൾ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
7. മലയാളത്തിൽനിന്ന് വിവിധഭാഷകളിലേക്കും വിവിധഭാഷകളിൽനിന്ന് മലയാളത്തിലേക്കും പരിഭാഷ നിർവഹിക്കുന്നതിനുള്ള സാങ്കേതിക സംവിധാനമുണ്ടാക്കുക.
8. മലയാളം ഭരണ-നിയമ-പഠന-വ്യവഹാര രംഗങ്ങളിൽ വിനമയഭാഷയാകുന്നതിനാവശ്യമായ ശ്രമങ്ങൾക്ക് പിന്തുണ നല്കുക.
9. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രം രേഖപ്പെടുത്തുകയും അവ വരും തലമുറയ്ക്കു കൈമാറുകയും ചെയ്യുക.
10. മലയാളി എന്ന അഭിമാനത്തെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനപരിപാടികൾക്കു രൂപം കൊടുക്കുക.
11. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വികാസത്തിനാവശ്യമായ ഗവേഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക.
12. വിഷയങ്ങളുടെയും മേഖലകളുടെയും വികാസത്തിനും വൈവിധ്യത്തിനുമനുസരിച്ച് മലയാളിത്തമുള്ള പുതിയ പദങ്ങളും സാങ്കേതികപദങ്ങളും ശൈലികളും കണ്ടെത്തുകയോ നിർമ്മിക്കുകയോ ചെയ്യുക.
13. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷകൾ കുറ്റമറ്റരീതിയിൽ ഉപയോഗിക്കുന്നതിനുവേണ്ട സഹായികൾ നിർമ്മിക്കുക.
14. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും സവിശേഷതകളും വിലയേറിയ ഈടുവയ്പുകളും ലോകത്തിലെ എല്ലാ പ്രമുഖ ഭാഷകളിലും ലഭ്യമാക്കി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുക.
15. മലയാള ഭാഷ പഠിക്കാനാഗ്രഹിക്കുന്ന വിദേശീയരെയും പ്രവാസിമലയാളികളെയും സഹായിക്കുക.
16. ലോകമെങ്ങും മലയാളത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാനുതകുന്ന ശ്രമങ്ങളിൽ ഏർപ്പെടുക.
17. ലോകമെങ്ങുമുള്ള മലയാളിസമൂഹത്തെ ഒത്തുചേർക്കുന്നതിനുള്ള ഇടം ഉണ്ടാക്കുക. 
18. പുതുതലമുറയിൽ ഭാഷാഭിമാനം വളർത്തുക.
19. പുതുമാധ്യമങ്ങളിൽ മലയാളം പ്രയോഗിക്കുന്നതിന്റെ സാങ്കേതികവിദ്യ കൂടുതൽ ലളിതമാക്കുക. 
20. സൈബർലോകത്ത് സാധ്യമാകുന്ന ഇടങ്ങളിലൊക്കെ മലയാളത്തിന്റെ ലഭ്യത ഉറപ്പാക്കുക.
21. അലങ്കാര ഫോണ്ടുകൾ പോലെ ഭാഷയുടെ വൈവാധ്യമാർന്ന ഉപയോഗങ്ങൾക്കാവശ്യമായ സഹായസാമഗ്രികൾ നിർമ്മിക്കുക. 
22. മലയാളത്തിന്റെ തനിമയിലധിഷ്ഠിതമായി ലിപിമാനകീകരണത്തിനു വേദിയൊരുക്കുക.
23. മലയാളഭാഷയുടെ പുകഴിനുവേണ്ടി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുക.
24. സ്വതന്ത്ര വിജ്ഞാനത്തിന്റെ ഏറ്റവും സമ്പന്നമായ ഇടമായി മലയാളഭാഷയെ വളർത്തുക.
25. സ്വതന്ത്രസോഫ്റ്റ് വെയർ വികാസത്തിന്റെ വികാസത്തിനുവേണ്ടി പ്രവർത്തിക്കുകയും സമാനപ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ നല്കുകയും ചെയ്യുക.
26. ഇന്റർനെറ്റിലെ മലയാളസമ്പത്ത് സുഗമമായി ഉപയോഗിക്കാൻ സൂചികകൾ നിർമ്മിക്കുക.

2 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട ജയശ്രി കുമാര്‍ മാമ്പൂമണം എങ്ങും പരക്കട്ടെ.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ഡോ.സന്തോഷ് കുമാർ. നമ്മുടെ സംവാദവേദികളിൽ സജീവമായി ഉണ്ടാകണേ. :)

    മറുപടിഇല്ലാതാക്കൂ