മാംപൂ വാർത്ത

മാംപൂ വാർത്ത

കമ്പ്യൂട്ടിങ് രംഗത്തും നവമാധ്യമങ്ങളിലും മലയാളത്തിന്റെ ഇടപെടൽ ശക്തമാക്കാനും സൈബർലോകത്തെ ഏറ്റവും സജീവഭാഷയായി മലയാളത്തെ വളർത്തിക്കൊണ്ടു വരാനുമായി മാംപൂ എന്ന പേരിൽ സംഘടനയ്ക്കു രൂപം കൊടുത്തു. സാംസ്കാരിക പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാഷാസ്നേഹികളുടെയും തിരുവനന്തപുരത്തു ചേർന്ന യോഗം ഡിജിറ്റൽ യുഗത്തിനനുഗുണമായി ഭാഷയെ ഉയർത്തുവാനാവശ്യമായ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്തു. ആദ്യപടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് അറിവുപകരുന്ന ബോധവല്ക്കരണക്ലാസുകൾ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പ്രൊഫ. ഒ.എൻ.വി.കുറുപ്പ്, ഡോ.ബി.ഇക്ബാൽ എന്നിവരുടെ രക്ഷാധികാരികാരികത്വത്തിലാവും മാംപൂ പ്രവർത്തിക്കുക. കെ.സച്ചിദാനന്ദൻ, ഡോ.ടി.എൻ.സീമ, ഡോ.അച്യത്ശങ്കർ എസ്.നായർ, പി.വി.ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, ചെറിയാൻ ഫിലിപ്പ്, വി.ടി.ബൽറാം, റൂബിൻ ഡിക്രൂസ്, കെ.വി.അനിൽകുമാർ, വി.കെ.ആദർശ് എന്നിവരുൾപ്പെടുന്നതാണ് ഉപദേശകസമിതി. ഡോ.എസ്.രാജശേഖരൻ അദ്ധ്യക്ഷനായും ജയശ്രീകുമാർ ജനറൽ സെക്രട്ടറിയായും അനിരുദ്ധൻ നിലമേൽ ഖജാൻജിയായും നിർവ്വാഹകസമിതിയെയും യോഗം തിരഞ്ഞെടുത്തു.

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

മാംപൂവിലേക്ക്, സ്നേഹപൂർവം

പ്രിയരേ, 
മാംപൂ പ്രവർത്തനമാരംഭിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളു. പരിമിതികൾക്കകത്തുനിന്ന് കഴ്യുന്നത്ര കാര്യങ്ങൾ ചെയ്യാനും വിശദവും ഫലവത്തുമായ പ്രവർത്തനപദ്ധതികളാവിഷ്ക്കരിക്കാനും ശ്രമിച്ചുവരുന്നു. 
സൈബർ-നവമാധ്യമ രംഗങ്ങളിൽ മലയാളത്തിന് അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളും വെല്ലുവിളികളും സാധ്യതകളും അനന്തമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അവയെ കാര്യക്ഷമമായി നേരിടുന്നതിന് ഈ രംഗത്ത് നമുക്ക് സ്വരൂപിക്കാൻ കഴിയുന്ന മുഴുവൻ വിഭവശേഷിയും വിനിയോഗിക്കേണ്ടതുണ്ട്. അവയിൽ ഏറ്റവും പ്രധാനം മനുഷ്യശക്തി തന്നെ. ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്ന മുഴുവനാളുകളെയും ഒരുമിപ്പിക്കാൻ നമുക്ക് കഴിയണം. 
മാംപൂവിന്റെ ഔദ്യോഗിക പ്രവർത്തന പരിധി സംസ്ഥാനമാകെയാണ്. എന്നാൽ, മലയാളികളും മലയാളസമാജങ്ങളും ലോകമാകെത്തന്നെയുണ്ടെന്നതിനാൽ അവരെയെല്ലാം, അവയെയെല്ലാം ഒത്തിണക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. മുമ്പൊരിക്കൽ സൂചിപ്പിച്ചതുപോലെ, ഈ മലയാളസമാജങ്ങളെല്ലാം കേരളസംസ്ക്കാരത്തിന്റെയും മലയാള നവമാധ്യമപ്രവർത്തനങ്ങളുടെയും അംബാസഡർമാരായി പ്രവർത്തിക്കുന്ന വിധത്തിൽ ഒത്തൊരുമയുണ്ടാകണം.
ഭാഷാ-നവമാധ്യമ രംഗത്ത് വളരെ നിസ്സാരമായവ മുതൽ അതിസങ്കീർണവും സുപ്രധാനവുമായ സേവനങ്ങൾ വരെ നിർവഹിക്കുന്നതിന് ഇങ്ങനെയുള്ള ഒത്തൊരുമ സഹായകമാവും. അതിലേക്ക് നമുക്ക് കൂട്ടായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

മാംപൂവിന്റെ സത്തയും സന്ദേശവും ബോധപൂർവംതന്നെ എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് അതിനുള്ള ആദ്യവഴി. മാംപൂവുമായിബന്ധപ്പെട്ട വർത്തകളും കുറിപ്പുകളും മറ്റും തങ്ങളുടെ മറ്റെല്ലാ സുഹൃത്തുക്കളിലേക്കും പങ്കിട്ടുകൊണ്ടും കേരളഭാഷയെയും സംസ്ക്കാരത്തെയും സംബന്ധിച്ച ഏതൊരു വിഷയത്തിന്റെയും സംവാദമേഖലയായി മാംപൂവിനെ വിനിയോഗിച്ചുകൊണ്ടും എല്ലാ അംഗങ്ങളും സുഹൃത്തുക്കളും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
സ്നേഹപൂർവം, മാംപൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ