മാംപൂ വാർത്ത

മാംപൂ വാർത്ത

കമ്പ്യൂട്ടിങ് രംഗത്തും നവമാധ്യമങ്ങളിലും മലയാളത്തിന്റെ ഇടപെടൽ ശക്തമാക്കാനും സൈബർലോകത്തെ ഏറ്റവും സജീവഭാഷയായി മലയാളത്തെ വളർത്തിക്കൊണ്ടു വരാനുമായി മാംപൂ എന്ന പേരിൽ സംഘടനയ്ക്കു രൂപം കൊടുത്തു. സാംസ്കാരിക പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാഷാസ്നേഹികളുടെയും തിരുവനന്തപുരത്തു ചേർന്ന യോഗം ഡിജിറ്റൽ യുഗത്തിനനുഗുണമായി ഭാഷയെ ഉയർത്തുവാനാവശ്യമായ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്തു. ആദ്യപടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് അറിവുപകരുന്ന ബോധവല്ക്കരണക്ലാസുകൾ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പ്രൊഫ. ഒ.എൻ.വി.കുറുപ്പ്, ഡോ.ബി.ഇക്ബാൽ എന്നിവരുടെ രക്ഷാധികാരികാരികത്വത്തിലാവും മാംപൂ പ്രവർത്തിക്കുക. കെ.സച്ചിദാനന്ദൻ, ഡോ.ടി.എൻ.സീമ, ഡോ.അച്യത്ശങ്കർ എസ്.നായർ, പി.വി.ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, ചെറിയാൻ ഫിലിപ്പ്, വി.ടി.ബൽറാം, റൂബിൻ ഡിക്രൂസ്, കെ.വി.അനിൽകുമാർ, വി.കെ.ആദർശ് എന്നിവരുൾപ്പെടുന്നതാണ് ഉപദേശകസമിതി. ഡോ.എസ്.രാജശേഖരൻ അദ്ധ്യക്ഷനായും ജയശ്രീകുമാർ ജനറൽ സെക്രട്ടറിയായും അനിരുദ്ധൻ നിലമേൽ ഖജാൻജിയായും നിർവ്വാഹകസമിതിയെയും യോഗം തിരഞ്ഞെടുത്തു.

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ചിലത്

ചിലത്

ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ
ചിലതുണ്ട് ബാക്കി വയ്ക്കാനായ്
ചിലതുണ്ട് കണ്ണിന്റെ കാതിന്റെ പിന്നിൽ വ-
ന്നണിയത്തൊതുങ്ങിനിൽക്കാനായ്.

ചിലതെന്റെ നിദ്രയുടെ സംഗീതമായ് വന്നു
പുലരിയെ തോറ്റിയുണർത്താൻ
ചിലതെൻ പകലിന്റെയെരിതീയിൽ വേവുന്ന
ചുടു മരുസ്വപ്നങ്ങളായി
ചിലതീയിരുളിനെ ചന്ദ്രികച്ചാർ പൂശി
വെളിവായ് തൊടുത്തുയർത്താനായ്
ചിലത് വെണ്മണലിൽ സുനാമിപോൽ, പ്രാണനെ
പഴുതേയമുഴ്ത്തിയാഴ്ത്താനായ്
ചിലതു,ണ്ടറുതിയിലാഴുന്ന ജീവന്ന്
പുതു ചേതനശ്വാസമേകാൻ
ചിലതു,ണ്ടപരന്റെ പരുഷമാം വാക്കിനെ-
യിനിയ സംഗീതമായ് മാറ്റാൻ
ചിലതുണ്ട് ചിതലിച്ച ലോകത്തെ വാക്കിനാ,-
ലൊരു നോക്കിനാൽ പുതുക്കാനായ്
ചിലതു,ണ്ടിനിയും വരാത്ത നാളേ,യ്ക്കതിൻ
പുതുമന്ത്രമായ് ചെവിയിലോതാൻ.

ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ,
ചിലതുണ്ട് ബാക്കിയായ് നിത്യം!                                         *          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ